Battery Life of your Smart Phone

By | November 18, 2013

 

ബാറ്ററി സമയം വര്‍ദ്ധിപ്പിക്കാന്‍ ?

ഇന്ന് മിക്കവരും പതിവായി ചോദിക്കുന്ന ചോദ്യമിതാണ്. വലിയ സ്‌ക്രീന്‍ ചതുരമുള്ള സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ ദിവസം തന്നെ ബാറ്ററി നിലനിന്നാല്‍ അത് അത്ഭുതം. എങ്ങനെ ബാറ്ററി സമയം കൂട്ടാം എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും

എഡ്‌ജ്, വൈ-ഫൈ, ബ്ലൂ ടൂത്ത്, ജി‌പി‌എസ് എന്നീ സംവിധാനങ്ങള്‍ സദാ സമയവും ഓണ്‍ ആക്കിയിടേണ്ട ആവശ്യമുണ്ടോ എന്ന് പരിശോധിക്കുക. ആവശ്യമുള്ളത് മാത്രം, ഉപയോഗം വരുമ്പോള്‍ സജീവമാക്കിയാല്‍ തന്നെ നല്ലൊരളവ് ബാറ്ററി സമയം ലാഭിക്കാം. 3 ജി സേവനം ഇന്ന് എല്ലായിടത്തും കേള്‍ക്കുന്ന കാര്യമാണ്, 2 ജി തന്നെ മതിയെങ്കില്‍ പണവും ലാഭം ബാറ്ററിക്ക് നല്ലതാണ്. ത്രീജി സൌകര്യം കൂടുതല്‍ ഊര്‍ജശേഷി ആവശ്യമുള്ളതാണ്.

സ്‌ക്രീന്‍ തെളിമ (ബ്രൈറ്റ്നെസ്) ക്രമീകരിക്കുന്നതനുസരിച്ച് ബാറ്ററി സമയം കൂടുതല്‍ നിലനിര്‍ത്താം. നിരത്തിലും യാത്രയിലും ചിലപ്പോള്‍ അല്‍‌പം നല്ല തെളിമ വേണമായിരിക്കും. എന്നാല്‍ വീട്ടിലോ ഓഫീസിലോ ആയിരിക്കുമ്പോള്‍ സ്‌ക്രീനിന്റെ തെളിമ കുറഞ്ഞിരുന്നാലും നന്നായി തന്നെ വിവരങ്ങള്‍ /ചിത്രങ്ങള്‍ കാണാനാകും. ചില ഫോണുകളില്‍ പ്രകാശ സെന്‍സറുകള്‍ ഉണ്ട്. പുറം പ്രകാശത്തിനനുസരിച്ച് ഇത് ഡിസ്‌പ്ലെയുടെ തെളിമ ക്രമീകരിക്കും.

ആപ്ലിക്കേഷന്‍ , ഓ എസ് അപ്ഡേറ്റുകള്‍ നിരന്തരം സംഭവിക്കുന്ന രീതിയില്‍ സെറ്റ് ചെയ്‌ത് വച്ചാല്‍ കൂടുതല്‍ ഡാറ്റാ ഉപയോഗവും ഒപ്പം ബാറ്ററി ക്ഷീണിക്കുകയും ചെയ്യുന്നത് ഫലം. മാസത്തിലോ ആഴ്ചയിലോ ഒരിക്കല്‍ അപ്ഡേറ്റ് ചെയ്യുന്ന രീതി അഭികാമ്യം. നിലവില്‍ പല വിന്‍ഡോ യില്‍ ഇന്റര്‍നെറ്റും മറ്റും നോക്കിക്കൊണ്ടിരിക്കേ പെട്ടെന്ന് അതൊന്നും പൂര്‍ണമായി അവസാനിപ്പിക്കാതെ ആദ്യ പേജില്‍ (ഹോം ബട്ടണ്‍ അമര്‍ത്തി) എത്തിയാലും സ്‌ക്രീനില്‍ അതൊക്കെ കാണാനില്ല എന്നേയുള്ളൂ, പക്ഷെ അത് പിന്നണിയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. ഇതാകട്ടെ ആവശ്യമില്ലാതെ ബാറ്ററി ഊറ്റിക്കുടിക്കുകയും ചെയ്യും.

ചിലതരം ആപ്ലിക്കേഷനില്‍ ലോക്കേഷന്‍ ക്രമീകരണം ഒഴിവാക്കി വയ്‌ക്കാം. വയര്‍ലെസ്/നെറ്റ്വര്‍ക്ക് സംവിധാനം അല്ലെങ്കില്‍ ജി‌പി‌എസ് എന്നിവയിലൊന്ന് ഉപയോഗിച്ചായിരിക്കും നിങ്ങള്‍ ഇപ്പോള്‍ നില്‍‌ക്കുന്ന സ്ഥലവിവരം ട്വിറ്റിനും മറ്റും ഒപ്പം നല്‍കുന്നത്, നിങ്ങളുടെ സ്ഥലവിവരം അപ്പപ്പോള്‍ നല്‍കണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍ ഇത് മാറ്റുക. ചില ഫോണുകളില്‍ സെറ്റിംഗ്സിലെ ലോക്കേഷന്‍ & സെക്യൂരിറ്റി എന്ന തലക്കെട്ടിന് താഴെ ജി‌പി‌എസ് സാറ്റലൈറ്റ്, അസിസ്റ്റഡ് ജി‌പി‌എസ് , സെന്‍‌സര്‍ എന്നിവയോക്കെ ഓഫാക്കി വയ്‌ക്കുന്നത് ബാറ്ററിയെ കരുതി നല്ലതാണ്.

ആവശ്യത്തിലധികം ആപ്‌സുകള്‍ ഫോണിലേക്ക് ഉള്‍പ്പെടുത്തി ഇടുന്നത് ബാറ്ററിക്ക് ആപ്പാകും എന്ന് പറയേണ്ടതില്ലല്ലോ. വര്‍ഷത്തിലൊരിക്കലോ മറ്റൊ കൌതുകത്തിന് മാത്രം ഉപയോഗിക്കുന്ന ആപ്‌സ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ബാറ്ററി സമയം കൂട്ടാന്‍ ഉള്ള ചില സംവിധാനങ്ങള്‍ ഫോണ്‍ സെറ്റിംഗ്സിലും പിന്നെ ഏതാനും ചിലത് ആപ്‌സ് സ്റ്റോറിലും ഉണ്ട് ഇവ യുക്‍തമായി ഉപയോഗിച്ചാല്‍ ബാറ്ററിയുടെ കാലയളവ് അറിഞ്ഞ് ഉപയോഗിക്കാം. ഫോണിലെ ഒരോ ഘടകവും എത്രമാത്രം ബാറ്ററി ശേഷി ഉപയോഗിക്കുന്നുണ്ടന്ന് ബാര്‍ /ഗ്രാഫ് അനുസരിച്ച് കാണിച്ച് തരും , ഇതനുസരിച്ച് ഉചിതമായ തരത്തില്‍ ഫോണ്‍ ഉപയോഗം ക്രമീകരിക്കാം.

മറ്റുള്ളവര്‍ക്ക് അസൌകര്യം ഉണ്ടാകാതിരിക്കാനായി ഫോണ്‍ വൈബ്രേറ്റ് മോഡില്‍ ഇടുന്നവര്‍ ഏറെയാണ്. ഇത് ഏറെ ബാറ്ററി ഊര്‍ജം എടുക്കുന്ന ഏര്‍പ്പാട് ആണ്. സാധ്യമാണങ്കില്‍ നമുക്ക് മാത്രം കേള്‍ക്കാവുന്ന പതിഞ്ഞ ശബ്‌ദത്തിലുള്ള ശബ്‌‌ദം ആക്കുക. ഫോണിലേക്ക് വരുന്ന സിഗ്‌നല്‍ ശേഷി കുറവായിരുന്നാല്‍ അത് കൂടിയ അളവില്‍ ബാറ്ററി എടുക്കും. ചില കെട്ടിടങ്ങളില്‍ സിഗ്‌നല്‍ ശേഷി മിക്കപ്പോഴും കുറവായിരിക്കും പതിവായി ഇതാണ് അവസ്ഥ എങ്കില്‍ സിഗ്നല്‍ ശേഷി ഉയര്‍ത്താനുള്ള റിപ്പീറ്റര്‍ അവിടെ ഘടിപ്പിക്കുന്നത് നന്നായിരിക്കും.

എക്‍സ്ട്രാ ബൈറ്റ് : ബാറ്ററി തീര്‍ന്ന് പോയാല്‍ തീര്‍ന്നില്ല ഫോണിന്റെ കാര്യം.എക്‍സ്ട്രാ ബാറ്ററി കരുതുന്നവരും, കൊണ്ട് നടക്കാവുന്ന ബാറ്ററി ചാര്‍ജര്‍ ഉപയോഗിക്കുന്നവരും ധാരാളം. ഇതൊന്നും പറ്റിയില്ലെങ്കില്‍ ഫോണിനൊപ്പം കിട്ടുന്ന കമ്പ്യൂട്ടറിലേക്ക് യു‌എസ്‌ബി വഴി ചാര്‍ജ് ചെയ്യാവുന്ന ഒരു കേബിള്‍ ഉണ്ടാകും. അത് ബാഗില്‍ കരുതുക. ഇന്ന് എവിടെ തിരിഞ്ഞൊന്ന് നോക്കിയാല്‍ അവിടെയെല്ലാം ലാപ്ടോപ്പും കമ്പ്യൂട്ടറും ആണല്ലോ. അതിനാല്‍ ആപത്കാലത്ത് ഈ കേബിള്‍ ഉപകാരിയാകും

Author  : വികെ ആദര്‍ശ്

Source : Facebook Note of V.K  Adarsh 

 

Leave a Reply

Your email address will not be published. Required fields are marked *